ഒരു കൈയിൽ വിലങ്ങുമായി ഓടി രക്ഷപ്പെട്ട പ്രതിയെ സാഹസികമായി പിടികൂടി
Saturday, October 11, 2025 4:32 AM IST
തൃശൂർ: ഒരു കൈയിൽ വിലങ്ങുമായി പോലീസ് കസ്റ്റഡിയിൽനിന്ന് ഓടി രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഡൈമൺ എന്നറിയപ്പെടുന്ന ജിനു ജോസ് ആണ് തൃശൂർ ചേർപ്പ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം എട്ടുമന പ്രദേശത്തുനിന്ന് 11.650 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജിഷ്ണുവിന് (31) ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത് ജിനു ജോസാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഇയാളെ വീട്ടിലെത്തി പിടികൂടിുകയായിരുന്നു. എന്നാൽ ഒരു കൈയിൽ വിലങ്ങിട്ട് മറു കൈയിൽ ഇടുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ജിനു ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെരിഞ്ചേരി ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ജിനുവിനെ കണ്ടെത്തിയത്. വീടിന്റെ ടെറസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അതിസാഹസികമായി പിന്തുടർന്ന് പിടികൂടി. ജിനുവിന് ഒളിവിൽ കഴിയാനും വിലങ്ങ് മുറിച്ചുമാറ്റാനുമുള്ള സഹായം നൽകിയ കൂട്ടാളികളായ നെടുപുഴ സ്റ്റേഷൻ റൗഡി ദിൽജിത്തിനെയും അരുണിനെയും സ്ഥലത്തുനിന്ന് പോലീസ് പിടികൂടി. പ്രതികളെ റിമാൻഡ് ചെയ്തു.