സാമ്പത്തികസ്ഥിതി, പുനരധിവാസം, ദേശീയപാത, എയിംസ്: കേന്ദ്ര സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി
Friday, October 10, 2025 1:34 PM IST
ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ചു കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലു വിഷയങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽപെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമാണ് ആദ്യത്തേത്. ഇത് വായ്പയായി കണക്കാക്കരുതെന്നും അഭ്യർഥിച്ചു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽവരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പിന്തുണ ആവശ്യപ്പെട്ടു. ജിഎസ്ഡിപിയുടെ 0.5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ ഭാഗമായി നൽകിയ പണം മറ്റൊരു പരിഗണനയിൽ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിരുന്നു. ഇത് ഇരട്ടപ്രഹരമാണുണ്ടാക്കിയത്. അതിനും പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിവേഗ നഗരവത്കരണം കണക്കിലെടുത്ത്, ശാസ്ത്രീയ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണമെന്നും അതിനായി എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.