പുനലൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി; രക്ഷപ്പെടുത്താൻ ശ്രമം
Friday, October 10, 2025 11:28 AM IST
പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരൾച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്.
25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.
ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.