സ്വര്‍ണപ്പാളി കടത്തലില് വന്‍ ഗൂഢാലോചന നടന്നു: ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം വിജിലൻസ്
Friday, October 10, 2025 11:14 AM IST
കൊച്ചി: ശബരിമലയിൽ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ നേരിട്ടു ഹാജരായാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണപ്പാളി കടത്തലില് വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കടത്താന്‍ 2017 മുതല്‍ ഗൂഢാലോചന നടന്നു. 1998 ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വര്‍ണം പൊതിഞ്ഞത് 24 കാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. കുടാതെ ദ്വാരപാലകശില്‍പ്പങ്ങളില്‍ ഉള്‍പ്പെടെ അന്ന് സ്വര്‍ണം പൊതിഞ്ഞിരുന്നുവെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണപ്പാളി മോഷണം നടന്നെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണം പൂശാനായി ചെന്നൈയില്‍ എത്തിച്ചത് പുതിയ ചെമ്പ് പാളിയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലന്‍സിനു നല്കിയ മൊഴി. അവിടെ എത്തിച്ച ചെമ്പുപാളിക്ക് കാലപ്പഴക്കം ഇല്ലായിരുന്നുവെന്നും സിഇഒയുടെ മൊഴിയിലുണ്ട്.
ശബരിമലയില്‍ നിന്ന് ഇളക്കിയ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയില്‍ എത്തിക്കുന്നതിനു മുന്‍പ് മറിച്ചു വിറ്റ ശേഷം പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശി വാങ്ങിവന്നതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
സ്വര്‍ണപ്പാളി കടത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോര്‍ഡിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് സംഘം കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം പ്രത്യേക അന്വേഷണ സംഘം കേസെടുക്കും.
കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവന് ക്രമസമാധാനചുമതലയുള്ള എഡിജിപി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വം വിജിലന്‍സില്‍ നിന്നു കഴിഞ്ഞ ദിവസം വിവരശേഖരണം നടത്തിയിരുന്നു.
എസ്ഐടിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ട്രെയിനിംഗ് കോളജ് അസി. ഡയറക്ടർ എസ്.ശശിധരൻ ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിനു മുമ്പാകെ ഹാജരായി.
റിപ്പോർട്ട് ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഇന്നു തന്നെ കൈമാറുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.