ആഢംബര കാര്‍ വാങ്ങി നൽകിയില്ല, മകൻ പിതാവിനെ ആക്രമിച്ചു, തിരിച്ച് ആക്രമിച്ച് പിതാവ്
Friday, October 10, 2025 10:31 AM IST
തിരുവനന്തപുരം: ആഢംബര കാറിന് വേണ്ടി പിതാവിനെ മകൻ ആക്രമിച്ചു. ഇതിൽ പ്രകോപിതനായ പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവത്തിൽ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. മകൻ ഹൃദ്യക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് യുവാവ്.
സംഭവത്തിൽ പിതാവ് വിനയാനന്ദനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം. ഹൃദൃക്കിന് ആഢംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ പിതാവിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.