ഗാസ സമാധാന കരാർ: ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിച്ച് മോദി
Friday, October 10, 2025 4:43 AM IST
ന്യൂയോർക്ക്: ഗാസ സമാധാന കരാർ യാഥാർഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫോണിൽ വിളിച്ചാണ് മോദി ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിന്റെ പുരോഗതിയും ചർച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിർത്തിവച്ചാണ് നെതന്യാഹു അഭിനന്ദിക്കാൻ വിളിച്ച മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോക രാജ്യങ്ങളിലെ നിരവധി നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം ഗാസ സമാധാന കരാറിന്റെ പേരിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി.