നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ആത്മഹത്യ കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം
Friday, October 10, 2025 12:39 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ തലസ്ഥാനത്തെ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ബുധനാഴ്ച പുലർച്ചെയാണ് വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്.
പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്നതിനെ തുടർന്ന് തീപിടുത്തമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണിതെന്ന് സ്ഥിരീകരിച്ചത്.
നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണമുള്ളത്. ഇയാൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കുറിപ്പിലുണ്ടെന്ന് വീട്ടമ്മയുടെ മകൻ അറിയിച്ചു.
മോശം അനുഭവമുണ്ടായതായി ആത്മഹത്യ കുറിപ്പിലുണ്ടെന്നും കുടുംബം ആരോപിക്കുന്നു. വിശദമായ മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.