നിർമാതാവും സഹസംവിധായകനുമായിരുന്ന പി. സ്റ്റാൻലി നിര്യാതനായി
Friday, October 10, 2025 12:13 AM IST
തിരുവനന്തപുരം: സിനിമ നിർമാതാവും സഹസംവിധായകനുമായിരുന്ന പി. സ്റ്റാൻലി നിര്യാതനായി. തൂവാനത്തുന്പികൾ ഉൾപ്പെടെ നിരവധി സിനിമകളുടെ നിർമാതാവാണ് അന്തരിച്ച പി. സ്റ്റാൻലി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകനായും കഥാകൃത്തായും പ്രവർത്തിച്ചു. 30 വർഷത്തോളം സിനിമാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വെളുത്ത കത്രീന, ഏണിപടികൾ, അസുരവിത്ത്, തുലാഭാരം, നദി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു.
മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മുട്ടട ഹോളിക്രോസ് ചർച്ചിൽ നടക്കും.