ന്യൂ മാഹി ഇരട്ടകൊലക്കേസ്: കൊടി സുനി അടക്കം 14 പ്രതികളെ വെറുതെവിട്ട് കോടതി
Wednesday, October 8, 2025 11:33 AM IST
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു.
കേസിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. ഇവർക്കു പുറമെ സുജിത്ത്, ടി.കെ. സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 കോടതി പ്രതികളെ വെറുതെ വിട്ടത്. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സി.കെ. ശ്രീധരനും കെ. വിശ്വനും ഹാജരായി.
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെയാണ് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൂന്ന് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടി.പി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്.
14 ദിവസമാണ് കേസിൽ കോടതിയിൽ വിസ്താരം നടന്നത്. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകൾ മാർക്ക് ചെയ്തു. 63 തൊണ്ടി മുതലുകൾ ഹാജരാക്കി.
വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു.