തമിഴ്നാട്ടിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് മെഡിക്കൽ പ്രവേശനം; വിദ്യാർഥിനിയും മാതാപിതാക്കളും പിടിയിൽ
Wednesday, October 8, 2025 12:17 AM IST
ചെന്നൈ: തമിഴ്നാട് ദിണ്ടിഗല്ലിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥിനിയും മാതാപിതാക്കളും പിടിയിൽ. ദിണ്ടിഗൽ പഴനി സ്വദേശിനി കാരുണ്യ ശ്രീദർശിനി (19), മാതാപിതാക്കളായ സോക്കനാഥർ, വിജയ മുരുകേശ്വരി എന്നിവരാണ് പിടിയിലായത്.
കാരുണ്യ ശ്രീദർശിനിക്ക് നീറ്റ് പരീക്ഷയിൽ 228 മാര്‍ക്കാണ് ലഭിച്ചത്. എന്നാൽ 456 മാർക്ക് നേടിയതായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ഹാജരാക്കുകയായിരുന്നു പെൺകുട്ടിയും കുടുംബവും. കാരുണ്യയുടെ പിതാവ് സോക്കനാഥർ സർക്കാർ ലാൻഡ് സർവേയർ ആണ്.
ദിണ്ടിഗൽ മെഡിക്കൽ കോളജിൽ 456 മാർക്ക് രേഖപ്പെടുത്തിയ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പെൺകുട്ടി പ്രവേശനം നേടുകയായിരുന്നു. തുടർന്ന് കോളജ് കോളേജ് വിദ്യാർഥികളുടെ പട്ടിക ചെന്നൈയിലെ ഡയറക്ടറേറ്റിലേക്ക് അയച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇതേ തുടർന്ന് പോലീസിന് ലഭിച്ച പരാതിയിലാണ് പെൺകുട്ടിയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ തട്ടിപ്പിൽ മാതാപിതാക്കൾക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.