അടൂരില്‍ ഇരുചക്ര വാഹന സര്‍വീസ് സെന്ററിനു തീപിടിച്ചു; വന്‍ നഷ്ടം
Tuesday, October 7, 2025 12:59 PM IST
അടൂര്‍: കെപി റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്‍വീസ് സെന്ററില്‍ തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സര്‍വീസ് സെന്ററില്‍ നിന്നു തീ ഉയരുന്നതായി ഫയര്‍ ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ കെ.സി. റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നു 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് അംഗീകൃത സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ്‍ വേസ്റ്റുകളും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്‍ധിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം എന്നതിനാല്‍ കെപി റോഡില്‍ തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഇവിടെ പ്രവര്‍ത്തിച്ചത്.