ഇസ്രയേൽ-ഹമാസ് സമാധാന പദ്ധതി; പ്രാരംഭഘട്ട ചർച്ച അവസാനിച്ചു
Tuesday, October 7, 2025 6:58 AM IST
കെയ്റോ: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന പ്രാരംഭഘട്ട ചർച്ച അവസാനിച്ചു. ഈജിപ്തിലെ ഷാം അൽ ഷെയ്ഖിൽ ആയിരുന്നു ചർച്ച നടന്നത്.
ചർച്ച ശുഭ പ്രതീക്ഷ നൽകുന്നതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്ത് ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച നടന്നത്. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ബന്ദികളുടെ മോചനവും കൈമാറ്റവും വിഷയമായതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇസ്രയേൽ-ഹമാസ് സംഘർഷം രണ്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ സമവായ ചർച്ച ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു.
ഇതുകൂടാതെ ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.