തൃപ്പൂണിത്തുറയിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് ഗുരുതര പരിക്ക്
Tuesday, October 7, 2025 2:52 AM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്കിലിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. വൈറ്റില-മൂവാറ്റുപുഴ റൂട്ടിൽ എസ്എൻ ട്രാഫിക് ജംഗ്ഷനിൽ പുലർച്ചെ 12.25ന് ആയിരുന്നു അപകടം നടന്നത്.
അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് എസ്എൻ ട്രാഫിക് ജംഗ്ഷനിൽ നിന്ന് എരൂർ ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ വൈറ്റില ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. കടയുടെ മുൻഭാഗവും റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കും പൂർണമായും തകർന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കും യുവാവും 10 മീറ്ററിനപ്പുറത്തേക്ക് തെറിച്ചു വീണു. യുവാവിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ഇയാളുടെ കൈവിരൽ അറ്റുപോയി. കാലുകൾക്ക് പൊട്ടലുണ്ട്.
കാറിലുണ്ടായിരുന്ന 2 പേർക്കും സാരമായ പരിക്കുണ്ട്. എസ്എൻ ജംഗ്ഷനിലെ അശാസ്ത്രീയമായ സിഗ്നൽ സംവിധാനം മൂലം ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.