യുഎസ് സമാധാന പദ്ധതി; ഇസ്രയേൽ-ഹമാസ് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു
Tuesday, October 7, 2025 1:11 AM IST
കെയ്റോ: യുഎസ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ സമവായത്തിലെത്താൻ ഇസ്രയേൽ-ഹമാസ് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിലാണ് ചർച്ച.
ഇസ്രയേൽ-ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പലസ്തീൻ തടവുകാരെ മോചിപ്പിച്ച് എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള നീക്കമാണ് നിലവിലുള്ളത്.
അതേസമയം, ഹമാസ് സമാധാന പദ്ധതിയോട് അനുകൂലിക്കുന്നുണ്ടെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും അംഗീകരിച്ചിട്ടില്ല.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നർ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി എന്നിവർ ചർച്ചകളുടെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.