"ബാക്കി സ്വര്‍ണം എന്റെ കൈയിലുണ്ട്'; എ. പദ്മകുമാറിന് ഉണ്ണികൃഷ്ണന് പോറ്റി അയച്ച സന്ദേശം പുറത്ത്
Monday, October 6, 2025 10:44 PM IST
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2019ല്‍ ദ്വാരപാലക ശില്പങ്ങളിലും വാതിലിലും പൂശിയശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ട് എന്നും അത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണന് പോറ്റി ഇ-മെയില്‍ സന്ദേശത്തിലൂടെ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ അറിയിച്ചത്.
സഹായിയുടെ ഇ-മെയിലില്‍ നിന്നാണ് ഉണ്ണികൃഷ്ണന് പോറ്റി പത്മകുമാറിന് സന്ദേശമയച്ചിരിക്കുന്നത്. ഞാന്‍ ഉണ്ണികൃഷ്ണന് പോറ്റിയാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന മെയിലില്‍, താന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളും വാതിലും സ്വര്‍ണം പൂശിയെന്നും ബാക്കിവന്ന കുറച്ച് സ്വര്‍ണം തന്റെ കൈവശമുണ്ടെന്നും പറയുന്നു.
ഈ സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണം വേണമെന്നുമാണ് ഉണ്ണികൃഷ്ണന് മെയിലില്‍ പറയുന്നത്.
ഇതില്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ഉണ്ടായിട്ടുണ്ട്. അതുസംബന്ധിച്ച് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി പുറത്ത് വന്നിട്ടുണ്ട്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ ആവശ്യത്തില്‍ എന്ത് തീരുമാനമാണ് കൈക്കൊള്ളേണ്ടത് എന്ന തരത്തിലുള്ളതാണ് ആ കത്ത്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അതേസമയം, ഉണ്ണികൃഷ്ണന്റെ കൈയില്‍ ബാക്കി വന്നു എന്ന് പറയപ്പെടുന്ന സ്വര്‍ണം ബോര്‍ഡ് തിരിച്ചെടുത്തതായി രേഖകളില്ല എന്നത് ഞെട്ടിച്ചുവെന്ന് കോടതി വ്യക്തമാക്കി.