അമേരിക്കയിൽ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു
Monday, October 6, 2025 7:15 PM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. മോട്ടല്‍ മാനേജറായ രാകേഷ് എഹാഗബന് (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പിറ്റ്സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ്, സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.
സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് (37) എന്നയാളാണ് രാകേഷിന് എതിരെ വെടിയുതിര്‍ത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്‍ക്കം.
ഇതിൽ ഇടപെട്ട രാകേഷിന്റെ തലയ്ക്ക് നേരെ പോയിന്റ് ബ്ലാങ്കിൽ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.
സ്ത്രീക്ക് നേരെയും അക്രമി വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.
പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.