ബിഹാർ തെരഞ്ഞെടുപ്പ്; എഎപി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Monday, October 6, 2025 6:01 PM IST
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ആം ആദ്മി പാർട്ടി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ബിഹാറിൽ ആദ്യമായാണ് എഎപി തനിച്ച് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്.
ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബയിൽ ഭാനു ഭാരതിയ, പറ്റ്നയിലെ ഫുൽവാരിയിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്സറിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുക.
ഞങ്ങളുടെ സഖ്യം ബിഹാറിലെ ജനങ്ങളുമായാണെന്നും ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും ആം ആദ്മി പാർട്ടി നേതാവ് അഭിനവ് റായ് വ്യക്തമാക്കി. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ എഎപി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിട്ടാണ് മത്സരിച്ചത്.