ബിഹാര്‍ അങ്കം കുറിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടം
Monday, October 6, 2025 4:41 PM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറ്,11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബർ 14ന് നടത്തുമെന്ന് മഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കും. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്.
243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവരാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും. ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.