ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച; ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ്
Monday, October 6, 2025 2:48 PM IST
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണപ്പാളിയിലെ സ്വർണം കവർന്നെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. 1.5 കിലോ സ്വർണമാണ് ദ്വാരപാലക ശില്പത്തിൽ ഉണ്ടായിരുന്നു. 2019 ജൂലൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം തിരിച്ചെത്തിയപ്പോൾ അതിൽ 394ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
അന്ന് വിജയ് മല്യ നൽകിയ സ്വർണം എട്ട് സൈഡ് പാളികളിലായി നാലുകിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. ഈ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണായകമായത്. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചിരുന്നു. മെയിൽ അയച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ദ്വാരപാലക ശില്പം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലൻസ് പറയുന്നു.
കൂടാതെ നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ സ്വർണപ്പാളിയിൽ വ്യത്യാസമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. 2019ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്.