വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല
Monday, October 6, 2025 1:11 PM IST
ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായി. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിംഗ് കാമറകളും ഉപയോഗിച്ച് തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായാണ് നാല് ദിവസങ്ങളായി തെരച്ചില്‍ നടത്തുകയാണ്. ബംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മൂന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടല്ലൂരിലേക്ക് എത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ചയായിരുന്നു ആദ്യമായി തുറന്നുവിട്ടത്.
രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോഴേക്കും സിംഹം കൂട്ടിലെത്തും എന്നായിരുന്നു മൃഗശാല അധികൃതരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇതുവരെ സിംഹം തിരികെ കൂട്ടിലേക്ക് തിരികെ വന്നില്ല. പുതിയ സ്ഥലമായതിനാല്‍ പരിചയക്കുറവ് മൂലമാണ് ഷേരു തിരികെ വരാത്തത് എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
മൃഗശാലയിലെ സഫാരി പ്രദേശം 15 അടി ഉയരമുള്ള ഇരുമ്പ് കമ്പിവേലി കൊണ്ട് ചുറ്റപ്പെട്ടിട്ടുള്ളതിനാല് സുരക്ഷിതമാണെന്നും സിംഹത്തിന് പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു.