സോനം വാംഗ്ചുകിന്റെ മോചനം: ഭാര്യയുടെ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും
Monday, October 6, 2025 11:23 AM IST
ന്യൂഡൽഹി: ലഡാക്കിലെ യുവജന പ്രക്ഷോഭത്തെത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) അറസ്റ്റിലായി തടവിലാക്കപ്പെട്ട പരിസ്ഥിതിപ്രവർത്തകൻ സോനം വാംഗ്ചുകിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ ഡോ. ഗീതാഞ്ജലി ജെ. ആംഗ്മോ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു കേസിൽ വാദം കേൾക്കുക. ഭർത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഗീതാഞ്ജലി കോടതിയിൽ ഹർജി സമർപ്പിച്ചത്. ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയോ അറസ്റ്റിന്റെ കാരണത്തെക്കുറിച്ചോ യാതൊരു വിവരവും ബന്ധപ്പെട്ട അധികാരികൾ നൽകുന്നില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്. വെള്ളിയാഴ്ചയായിരുന്നു ഗീതാഞ്ജലി സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിനോ സംസ്ഥാനസുരക്ഷയ്ക്കോ വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിനോ ഹാനികരമാണെന്നു കണ്ടെത്തിയാൽ എൻഎസ്എ നിയമത്തിന്റെ സെക്ഷൻ 3 പ്രകാരം അയാളെ തടങ്കലിലാക്കാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ ചോദ്യം ചെയ്യപ്പെടുന്ന വ്യക്തി ഇപ്പറഞ്ഞ കാര്യങ്ങൾ ചെയ്തുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയശേഷം മാത്രമേ ആരോപണവിധേയനായ വ്യക്തിയെ തടങ്കലിൽ പാർപ്പിക്കാൻ സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ സുപ്രീംകോടതി നിരവധി തവണ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വാംഗ്ചുകിന്റെ അറസ്റ്റിൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്.
ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിൽ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ കസ്റ്റഡിയിൽ തുടരാൻ തയാറാണെന്ന് വാംഗ്ചുക് സന്ദേശത്തിലൂടെ അറിയിച്ചു.
സംസ്ഥാനപദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ടു പ്രതിഷേധിക്കുന്ന സംഘടനകളായ "ലെ അപ്പക്സ് ബോഡി’ക്കും"കാർഗിൽ ഡെമോക്രാറ്റിക് അലൈൻസി’നുമൊപ്പം താൻ നിൽക്കുന്നതായും ലഡാക്കിന്റെ ആവശ്യങ്ങൾക്കു സംഘടനകൾ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണപിന്തുണ നൽകുന്നതായും വാംഗ്ചുക് സന്ദേശത്തിൽ വ്യക്തമാക്കി. നേരത്തേ കേന്ദ്രം വിളിച്ചുചേർത്ത ചർച്ചകളിൽനിന്ന് ഇരുസംഘടനകളും പിന്മാറിയിരുന്നു.