ചൊവ്വന്നൂരിലെ യുവാവിന്റെ കൊലപാതകം; പ്രതി പിടിയിൽ
Monday, October 6, 2025 7:08 AM IST
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ യുവാവ് കൊലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) ആണ് പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു.
സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിലാണ് ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. പിടിയിലായ സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു മൃതദേഹം.
മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ചൊവ്വന്നൂർ സ്വദേശിയായ സണ്ണി ഒളിവിലായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണി പിടിയിലായത്.