മുണ്ടിനീര്; ചികിത്സതേടിയത് 3000 കുട്ടികള്‍
Monday, October 6, 2025 6:18 AM IST
തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ മുണ്ടിനീര് വർധിക്കുന്നതിൽ ആശങ്ക. ഇതുവരെ ജില്ലയിൽ 3,000 കുട്ടികൾക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്.
2024ൽ 12,000 പേരാണ് ചികിത്സ തേടിയത്. സാധാരണ ജനുവരി മുതൽ മേയ് വരെയുള്ള വേനൽക്കാലത്താണ് മുണ്ടിനീര് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ മഴക്കാലത്തും രോഗം തുടരുന്നതും പ്രതിദിനം ചികിത്സതേടുന്നവരുടെ എണ്ണം വർധിക്കുന്നതുമാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.
സംസ്ഥാനത്ത് മൊത്തം 23,642 കേസുകളാണ് ഈ വർഷം സ്ഥിരീകരിച്ചത്. പ്രതിദിനം 600 ലധികം രോഗികൾ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി നോക്കിയാൽ കണക്കുകൾ ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തൽ.