പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
Sunday, October 5, 2025 11:04 PM IST
കൊളംബോ: ഐസിസി വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ 88 റണ്‍സിന് കീഴ്പ്പെടുത്തിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.
ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റണ്‍സിന് ഓൾഔട്ടായി. ക്രാന്തി ഗാഡിന്റെയും ദീപ്തി ശർമയുടെയും മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാനെ തകർത്തത്.
പാക്കിസ്ഥാനായി സിദ്ര അമീൻ 106 പന്തിൽ 81 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ചു. നതാലിയ പർവേസ് 33 റണ്‍സും സിദ്ര നവാസ് 14 റണ്‍സും നേടി. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ക്രാന്തി ഗാഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്നേഹ റാണ രണ്ട് വിക്കറ്റും പിഴ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർലീൻ ഡിയോളിന്റെ പോരാട്ടത്തിലാണ് മികച്ച നിലയിലെത്തിയത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ട് മത്സരങ്ങളിൽനിന്നും നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.