ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം
Sunday, October 5, 2025 7:19 PM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 247ന് ഓൾഒൗട്ടായി.
ഹർലീൻ ഡിയോളിന്റെ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.