വയലാര്‍ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
Sunday, October 5, 2025 1:36 PM IST
തിരുവനന്തപുരം: 49-ാമത് വയലാര്‍ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന് എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഞായറാഴ്ച തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു.
ടി.ഡി. രാമകൃഷ്ണന്, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവര്‍ അടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായനികുതി പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പുരസ്കാര സമര്‍പ്പണ ചടങ്ങ് നടക്കും.