ജെൻ സി പ്രക്ഷോഭം എങ്ങനെ നേരിടാം?; ഉന്നതതല യോഗം ചേർന്ന് ഡൽഹി പോലീസ്
Sunday, October 5, 2025 11:48 AM IST
ന്യൂഡൽഹി: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പോലീസ്.
ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്കി.
തലസ്ഥാനം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുതിയ തലമുറ സമരങ്ങളുടെ സാധ്യത മുന്‍നിര്‍ത്തിക്കൊണ്ടാണ് അത് എങ്ങനെ നേരിടണം എന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാനുള്ള തീരുമാനം ഡല്‍ഹി പോലീസ് കൈക്കൊണ്ടത്.
ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പോലീസ് എന്നിവരുടെ മേധാവികളെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത്തരമൊരു പ്രതിഷേധമുണ്ടായാല്‍ അതിനെ നേരിടാനുള്ള പദ്ധതി തയാറാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ജനക്കൂട്ട സമരങ്ങളെ നേരിടാന്‍ ഡല്‍ഹി പോലീസിന്റെ കൈയിലുള്ള മാരകമല്ലാത്ത ആയുധങ്ങള്‍ – ബാരിക്കേഡുകള്‍, ലാത്തികള്‍, കണ്ണീര് വാതക ഗ്രനേഡുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ കണക്കെടുപ്പ് നടക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളിലൂടെ ആളെക്കൂട്ടുന്നത് നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഇതിനായി ജെന്‍ സി പ്രക്ഷോഭം ഏത് തരത്തിലാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് സൂക്ഷ്മമായി ഡല്‍ഹി പോലീസ് പഠിച്ചു വരികയാണ്.