മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയെന്ന് സംശയം
Sunday, October 5, 2025 8:25 AM IST
പാലക്കാട്: മുണ്ടൂരിന് സമീപം ഒടുവങ്ങാടിൽ വന്യജീവി ആക്രമണമുണ്ടായി. പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം. വിവരം നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തും.
ഇന്ന് പുലർച്ചെയാണ് ഒടുമങ്ങാട് സ്വദേശിയായ ബേബിയുടെ വളർത്തുനായയെ പുരയിടത്തോട് ചേർന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പതിവ് പോലെ നായയെ കാണാതെ വന്നതോടെ വീട്ടുകാർ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുറച്ചുഭാഗം ഭക്ഷിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്.
മുണ്ടൂർ പ്രദേശത്ത് വ്യാപകമായി വന്യജീവി ആക്രമണങ്ങൾ പതിവാണ്. ഇതാണ് നാട്ടുകാർ ആക്രമിച്ചത് പുലിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് പ്രദേശത്ത് വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.