വിജയത്തുടർച്ചയ്ക്ക് ഇന്ത്യ; മഴ വില്ലനാകുമോ ?
Sunday, October 5, 2025 8:12 AM IST
കൊളംബോ: മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ-പാക്കിസ്ഥാൻ വനിതാ ഏകദിന ലോകകപ്പ് മത്സരം നടക്കുമോ എന്നതിൽ ആശങ്ക. ഇന്നലെ നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയ - ശ്രീലങ്ക മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.
പുരുഷ ക്രിക്കറ്റിനു സമാനമായി നിലവിലെ സാഹചര്യത്തിൽ വനിതാ ക്രിക്കറ്റിലും ഇന്ത്യൻ ജയം സുരക്ഷിതമാണ്. ഈ ലോകകപ്പിൽ ശ്രീലങ്കയെ 59 റണ്‍സിന് അനായാസം പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. പാക്കിസ്ഥാനാകട്ടെ ബംഗ്ലാദേശിനു മുന്നിൽ ഏഴു വിക്കറ്റ് തോൽവി ഏറ്റുവാങ്ങി.
അതേസമയം വനിത ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എതിരാളികളായ പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഹസ്തദാനം നൽകേണ്ടതില്ലെന്ന് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. ഏഷ്യ കപ്പ് പുരുഷ ക്രിക്കറ്റിൽ ഹസ്തദാന വിവാദം കെട്ടടങ്ങും മുന്‍പാണ് വനിതാ ക്രിക്കറ്റും അതേ വഴിയിൽ സഞ്ചരിക്കുന്നത്.