മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു; മരണ കാരണം കിഡ്നി പ്രശ്നങ്ങൾ
Sunday, October 5, 2025 7:56 AM IST
ന്യൂഡൽഹി: മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് മധ്യപ്രദേശിൽ രണ്ടു കുട്ടികള്‍ കൂടി മരിച്ചത്. ഇതോടെ ചുമ മരുന്ന് കഴിച്ചുള്ള മരണ സംഖ്യ ഉയര്‍ന്നു.
മധ്യപ്രദേശിൽ മാത്രം 11 കുട്ടികളും രാജ്യത്താകെ 14 കുട്ടികളുടെയും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ തെലങ്കാനയിലും കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
അതേസമയം കിഡ്നി പ്രശ്നങ്ങളാണ് മരണ കാരണമെന്ന് കണ്ടെത്തിയത് ആഴ്ചകൾക്ക് ശേഷം മാത്രമാണെന്ന വിവരവും പുറത്തുവന്നു. കിഡ്നി പ്രശ്നങ്ങളാണ് മരണ കാരണമെന്ന നാഗ്പൂരിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷമാണ് അധികൃതർ നടപടി തുടങ്ങിയതെന്നുമാണ് വിവരം. മരിച്ച കുട്ടികളുടെ പോസ്റ്റ് മോർട്ടത്തിന് ബന്ധുക്കൾ അനുമതി നൽകിയില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിലും നിരോധിച്ചിരുന്നു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി.