ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞത് സ്വർണ തകിട്; നിർണായക വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ
Sunday, October 5, 2025 7:52 AM IST
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകൻ വേണു മാധവൻ. ദ്വാരപാലക ശില്പങ്ങളിൽ യുബി ഗ്രൂപ്പ് സ്വർണം പൂശിയെന്നത് വ്യാജ പ്രചരണമാണെന്ന് വേണു മാധവൻ പറഞ്ഞു.
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ തകിടാണ് ഉപയോഗിച്ചതെന്ന് വേണു മാധവൻ വ്യക്തമാക്കി. യുബി ഗ്രൂപ്പ് 1999ൽ ശില്പങ്ങളിൽ സ്വർണം പൊതിയുന്പോൾ വേണു സന്നിധാനത്തുണ്ടായിരുന്നു.
ദ്വാരപാലക ശില്പങ്ങളിൽ യുബി ഗ്രൂപ്പ് സ്വർണം പൂശുകയായിരുന്നില്ലെന്നും മറിച്ച് ഇളക്കിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്വർണ തകിട് ഉപയോഗിച്ച് പൊതിയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു തവണ ശില്പങ്ങൾക്ക് മുകളിൽ ചോർച്ച വന്നപ്പോൾ ഇളക്കിമാറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെന്നും വേണു മാധവൻ കൂട്ടിച്ചേർത്തു.