ബാങ്കിംഗ് സന്ദേശം വൈകുന്നത് മുതലെടുത്ത് തട്ടിപ്പ്; ജ്വല്ലറികളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്ന സംഘം പിടിയിൽ
Sunday, October 5, 2025 7:46 AM IST
രാമനാട്ടുകര: ജ്വല്ലറികളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്ന പുതിയ തട്ടിപ്പു സംഘം പിടിയിൽ. കണ്ണൂർ സ്വദേശികളായ ആരോളി അമൃതംവീട്ടിൽ അഭിഷേക് (25), പേരാവൂർ ഇടപ്പറവീട്ടിൽ അഷ്റഫ് (34) എന്നിവരാണ് പിടിയിലായത്. ഫറോക്കിലുള്ള മലബാറി ഫാഷൻ ജ്വല്ലറിയിൽനിന്ന് നാലുലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.
മൊബൈൽ ഫോണിൽ വ്യാജമായി നെറ്റ് ബാങ്കിംഗ് വഴി പണമടച്ച് ‘ട്രാൻസാക്ഷൻ സക്സസ്ഫുൾ’ എന്ന് സ്ക്രീൻഷോട്ട് കാണിച്ച് ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ 30നായിരുന്നു സംഭവം.
ഒന്നാം പ്രതിയായ അഭിഷേക് ജ്വല്ലറിയിലെത്തി നാലുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയശേഷം മൊബൈൽ ഫോണിലൂടെ എൻഇഎഫ്ടി വഴി നാലുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. തുടർന്ന് ട്രാൻസാക്ഷൻ വിജയകരമായി എന്ന വ്യാജ സ്ക്രീൻഷോട്ടും കാണിച്ചു.
എൻഇഎഫ്ടി ആയതിനാൽ പണം അൽപ്പ സമയത്തിനകം അക്കൗണ്ടിലെത്തുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ നാലുപവൻ സ്വർണവുമായി കടന്നുകളയുകയായിരുന്നു. എൻഇഎഫ്ടി ട്രാൻസ്ഫർ ചെയ്യുമ്പോൾ ‘സക്സസ്ഫുൾ’ എന്ന് കാണിക്കുമെങ്കിലും ബാങ്കിൽനിന്നുള്ള സന്ദേശം ലഭിക്കാൻ ഒരുമണിക്കൂറെങ്കിലുമെടുക്കും. ഇത് മുതലെടുത്താണ് പ്രതികൾ തട്ടിപ്പുനടത്തിയത്.