കോഴിക്കോട് മെഡിക്കൽ കോളജ് തീപിടുത്തം: ഗുരുതര സുരക്ഷ വീഴ്ചകളുണ്ടായിരുന്നതായി അന്വേഷണ റിപ്പോർട്ട്
Sunday, October 5, 2025 6:54 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ ഗുരുതര സുരക്ഷ വീഴ്ചകളുണ്ടായിരുന്നതായി അന്വേഷണ റിപ്പോർട്ട്. കെട്ടിട നിർമാണത്തിൽ അപാകതകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇതുകൂടാകെ തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതായും സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം സംഭവിച്ചത്.
ഇതേ തുടർന്ന് മൂന്ന് ഘട്ടങ്ങളായാണ് അന്വേഷണം പൂർത്തിയായത്. തീപിടിച്ച ആറ് നില കെട്ടിടത്തിന്റെ നിർമാണത്തിലാണ് സബ് കളക്ടർ മേൽനോട്ടം വഹിച്ച സമിതി ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടുള്ളത്.
എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയിലെ സുരക്ഷ വീഴ്ചകളെ കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുപിഎസ് ബാറ്ററി സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികള്‍ 2024 ഡിസംബറിലാണ് അവസാനമായി നടത്തിയത്. ബാറ്ററി ബാങ്ക് മുഴുവന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല.
യുപിഎസ് മുറിയിൽ വെന്റിലേഷൻ, എമർജൻസി എക്സിറ്റ് എന്നിവ ഉണ്ടായിരുന്നില്ല. ആദ്യം അംഗീകാരം ലഭിച്ച ഫയര്‍ സേഫ്റ്റി പ്ലാനില്‍ യുപിഎസ് മുറി ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.