യുക്രെയ്നിൽ പാസഞ്ചര്‍ ട്രെയിനിനു നേരെ റഷ്യൻ ഡ്രോണ്‍ ആക്രമണം; മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു
Sunday, October 5, 2025 5:21 AM IST
കീവ്: യുക്രെയ്നിൽ പാസഞ്ചര്‍ ട്രെയിനിനു നേരെ ഉണ്ടായ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. യുക്രെയ്നിലെ സുമി റെയില്‍വേ സ്റ്റേഷനിലാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തെ ഭീകരതയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി വിശേഷിപ്പിച്ചത്.
ഷോസ്ട്സ്കയില് നിന്ന് യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട തീവണ്ടിയാണ് ആക്രമണത്തിനിരയായത്. തീപിടിച്ച തീവണ്ടിയിലെ കോച്ചുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്ത് എത്തിയതായി ഗവര്‍ണര്‍ ഹ്രിഹൊറോവ് അറിയിച്ചിരുന്നു.
റഷ്യ ആക്രമിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണെന്ന് അവർക്ക് അറിയാതിരിക്കാന്‍ വഴിയില്ലെന്നും ലോകം ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഭീകരതയാണിതെന്നും സെലന്‍സ്കി പറഞ്ഞു. ഭീകരതയെയും കൊലപാതകങ്ങളെയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ശബ്ദമുയര്‍ത്തേണ്ട സമയമാണിത്, വിഷയത്തില്‍ കേവലം പ്രതികരണം മാത്രമല്ല, നടപടികളാണ് ആവശ്യമെന്നും സെലന്‍സ്കി പറഞ്ഞു.