ഭരണം കൈമാറാമെന്നു സമ്മതം; ആയുധം ഉപേക്ഷിക്കണമെന്നതിൽ ഹമാസിനു പ്രതികരണമില്ല
Sunday, October 5, 2025 4:06 AM IST
ജറുസലം: ഗാസയുടെ ഭരണം കൈമാറാമെന്നു സമ്മതിക്കുമ്പോഴും ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോട് ഹമാസ് പ്രതികരിക്കുന്നില്ല. ഗാസ സമാധാന പദ്ധതിപ്രകാരം എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും ഹമാസ് സമ്മതിച്ചിട്ടുണ്ട്.
ആയുധം ഉപേക്ഷിക്കാൻ ഹമാസ് തയാറാകാത്ത സാഹചര്യത്തിൽ സേനാ പിന്മാറ്റത്തിന് ഇസ്രയേൽ വഴങ്ങുമോയെന്നു വ്യക്തമല്ല. എന്നാൽ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം ഗാസയിലെ ബോംബാക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചു.
ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനു പിന്നാലെ ഗാസയിൽനിന്നു ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യം പിന്മാറണമെന്നാണു ട്രംപിന്റെ പദ്ധതിയിൽ പറയുന്നത്. എന്നാൽ ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേൽ സൈന്യം പൂർണമായി ഗാസ വിടണമെന്ന മുൻനിലപാടാണ് ഹമാസ് ആവർത്തിക്കുന്നത്.
ഗാസയുടെ ഭരണത്തിൽ ഹമാസിനും മറ്റ് സംഘടനകൾക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവർ അംഗീകരിക്കണമെന്നും ഗാസയിലെ ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയരഹിതമായ ഒരു താൽക്കാലിക പലസ്തീൻ സമിതിയെ ഏർപ്പെടുത്തുമെന്നും ട്രംപിന്റെ അധ്യക്ഷതയിൽ ദ് ബോർഡ് ഓഫ് പീസ് എന്ന പേരിൽ ഒരു രാജ്യാന്തര സമിതിയായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുകയെന്നും പദ്ധതിയിൽ വ്യവസ്ഥയിലുണ്ട്.
യോഗ്യരായ പലസ്തീൻകാരും രാജ്യാന്തര വിദഗ്ധരും സമിതിയിൽ ഉൾപ്പെടും.