ട്രോഫി കൈമാറാത്തത് ധീരമായ നിലപാട്; നഖ്വിയെ ആദരിക്കുന്നു
Sunday, October 5, 2025 1:48 AM IST
കറാച്ചി: ഏഷ്യാകപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാതിരുന്ന പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്സിൻ നഖ്വിയെ പാക്കിസ്ഥാൻ ആദരിക്കുന്നു. നഖ്വിക്ക് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ് മെഡൽ സമ്മാനിക്കുമെന്നാണ് റിപ്പോർട്ട്.
ട്രോഫി കൈമാറാതിരുന്നത് നഖ്വിയെടുത്ത ധീരമായ നിലപാടാണ്. ഇത് അംഗീകരിച്ചാണ് പുരസ്കാരം നൽകുന്നതെന്നാണ് സൂചന. നഖ്വിയെ ആദരിക്കാനുള്ള തീരുമാനത്തിന് പാക്കിസ്ഥാനിലെ രാഷ്ട്രീയ - കായിക വൃത്തങ്ങളില്‍ നിന്നെല്ലാം പിന്തുണയുണ്ട്.
കറാച്ചിയിൽ ഔദ്യോഗിക ചടങ്ങ് നടത്തുമെന്നാണ് വിവരം. പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ചായിരിക്കും തീയതി നിശ്ചയിക്കുക.
ഏഷ്യാകപ്പ് ഫൈനലിനുശേഷം ഇന്ത്യൻ ടീം നഖ്വിയിൽനിന്ന് ട്രോഫി വാങ്ങാൻ തയാറായിരുന്നില്ല. ഇതോടെ ട്രോഫി കൈവശംവെച്ച അദ്ദേഹം ടീമിന് ആവശ്യമുണ്ടെങ്കിൽ എസിസി ആസ്ഥാനത്തെത്തി അത് കൈപ്പറ്റട്ടെയെന്ന നിലപാടെടുക്കുകയായിരുന്നു.