ശബരിമലയിൽ നടന്നത് ഗുരുതര കുറ്റകൃത്യം; സിബിഐ അന്വേഷണം വേണം: വി. മുരളീധരൻ
Saturday, October 4, 2025 11:32 PM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് മുരളീധരൻ പറഞ്ഞു.
ദേവസ്വം മാനുവലിനു വിരുദ്ധമായ കാര്യമാണ് നടന്നതെന്നും പുറത്തുക്കൊണ്ടുപോയി നന്നാക്കാൻ ഉള്ള തീരുമാനം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുരളീധരൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാത്രം തീരുമാനമല്ല നടന്നതെന്നും ആ കാലത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടക്കം പങ്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
ദ്വാരപാലക ശിൽപം തന്നെ മാറ്റിയോ എന്ന് സംശയം ഉണ്ടെന്നും ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി വി. വാസവൻ പറയുന്നത് കടകംപള്ളിയെ സംരക്ഷിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
"എഫ്ഐആർ ഫയൽ ചെയ്യാൻ പോലും ദേവസ്വം വിജിലൻസിനാകില്ല. വാസവനും പ്രശാന്തും തങ്ങളുടെ വീഴ്ച മറച്ചു പിടിക്കാൻ ആണ് ശ്രമിക്കുന്നത്. ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ പ്രസിഡന്റിനും ആ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ല എന്നാണ് അർഥം'-മുരളീധരൻ പറഞ്ഞു.
മറ്റ് മതങ്ങളിലെ ആരാധനാലയത്തിൽ ആയിരുന്നു എങ്കിൽ മന്ത്രി വാസവൻ ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു.