കോൺഗ്രസ് വാര്‍ഡ് പ്രസിഡന്റിന്റെ വീട്ടില്‍ മദ്യവും തോട്ടകളും വച്ച കേസ്; പ്രാദേശിക നേതാവ് കസ്റ്റഡിയില്‍
Saturday, October 4, 2025 11:29 PM IST
വയനാട്: മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് തങ്കച്ചന്റെ വീട്ടില്‍ കര്‍ണാടക മദ്യവും തോട്ടകളും കൊണ്ടുവച്ച കേസില്‍ പ്രതി പിടിയില്‍. കോണ്‍ഗ്രസ് നേതാവായിരുന്ന അനീഷ് മാമ്പിള്ളിയാണ് കസ്റ്റഡിയിലായത്.
കുടക് കുശാല്‍നഗറില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അനീഷിനെ പിടികൂടാന്‍ ബംഗളൂരുവിൽ നിന്ന് പോലീസ് സംഘം എത്തിയതിന് തുടര്‍ന്ന് ഇയാള്‍ കുശാല്‍നഗറിലേക്ക് കടന്നു കളയുകയായിരുന്നു.
ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവം വിവാദമായതോടെ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അനീഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.