അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ അമേരിക്കയെ ക്ഷണിച്ച് പാക്കിസ്ഥാൻ
Saturday, October 4, 2025 5:52 PM IST
ഇസ്ലാമാബാദ്: അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ അമേരിക്കയെ പാക്കിസ്ഥാൻ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി അസിം മുനീറിന്റെ ഉപദേഷ്ടാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് അമേരിക്കന്‍ അധികൃതരെ സമീപിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തുറമുഖം നിര്‍മിക്കാനും നടത്തിപ്പിനുമുള്ള അവകാശവും അമേരിക്കയ്ക്ക് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. പാക്കിസ്ഥാനിലെ നിര്‍ണായക ധാതുക്കളുള്ള പസ്നി പട്ടണത്തിലേക്ക് അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൂടി പ്രവേശനം നല്‍കുന്നതാണ് പദ്ധതി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ ജില്ലയിലുള്ള ഒരു തുറമുഖ നഗരം കൂടിയാണ് പസ്നി.
യുഎസ് സൈനികതാവളം സംബന്ധിച്ച് ആവശ്യങ്ങള്‍ക്ക് തുറമുഖം ഉപയോഗിച്ചേക്കില്ല. ധാതുക്കള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഒരു റെയില്‍ ഗതാഗതത്തിന് സാമ്പത്തിക സഹായം തേടുന്നത് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ വൈറ്റ്ഹൗസില്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായും സൈനികമേധാവി അസിം മുനീറുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് പുതിയ നീക്കം.