മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർക്ക് വെടിയേറ്റത് പോലീസ് നടത്തിയ വെടിവയ്പിൽ
Saturday, October 4, 2025 7:43 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർക്ക് വെടിയേറ്റത് ആക്രമിയെ നേരിടുന്പോഴെന്ന് പോലീസ്. സിനഗോഗിലെ കത്തിയാക്രമണത്തിനിടെ അക്രമിയെ നേരിടുന്പോൾ പോലീസ് നടത്തിയ വെടിവയ്പിൽ അബദ്ധത്തിൽ രണ്ട് പേർക്കുകൂടി വെടിയേറ്റതായ് പോലീസ് വ്യക്തമാക്കി.
അക്രമി സിനഗോഗിൽ പ്രവേശിക്കുന്നതു തടയാൻ വാതിലിനു പിന്നിൽനിന്നു ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റതെന്നും കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾക്കും പരുക്കേറ്റവരിലൊരാൾക്കുമാണ് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു.
പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള സിറിയൻ വംശജൻ ജിഹാദൽ ഷമി(35)യാണ് സിനഗോഗിൽ കടന്നുകയറി ആളുകളെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണം നടന്ന സിനഗോഗ് പ്രധാനമന്ത്രി കിയ സ്റ്റാമർ സന്ദർശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു.