രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രമില്ലാതെ അവയവം മുറിച്ചുമാറ്റരുത്; ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
Friday, October 3, 2025 10:39 PM IST
കൊച്ചി: ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്നത് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം.
ചികിത്സ തേടി എത്തുന്ന രോഗികളുടെ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടായാല്‍ രോഗികളുടെയോ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം നിര്‍ബന്ധമായും വാങ്ങണമെന്നും അത് ഉറപ്പാക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം.
മുഖ്യമന്ത്രിയുടെ ഓഫീസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ഗരേഖ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് ഇത് സംബന്ധിച്ച് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.