വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്
Friday, October 3, 2025 5:52 PM IST
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.1 ഓവറിൽ മറികടന്നു. ഇംഗ്ലീഷ് ഓപ്പണർമാരായ ആമി ജോൺസും ടമ്മി ബ്യൂമോണ്ടും അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ആമി ജോൺസ് 40 റൺസും ടമ്മി ബ്യൂമോണ്ട് 18 റൺസും എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞു. 20.4 ഓവറിൽ 69 റൺസിൽ ഓൾഓട്ടാവുകയായിരുന്നു. 22 റൺസെടുത്ത വിക്കറ്റ് കീപ്പർ സിനാലോ ജാഫ്ട്ടയ്ക്ക് മാത്രം ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ലിൻസി സ്മിത്ത് മൂന്ന് വിക്കറ്റെടുത്തു. നാട്ട് സിവർ-ബ്രണ്ടും സോഫി എക്ലെസ്റ്റോണും ചാർലി ഡീനും രണ്ട് വിക്കറ്റ് വീതവും ലോറൻ ബെൽ ഒരു വിക്കറ്റും വീഴ്ത്തി.