രാഹുലിനും ജൂറലിനും ജഡേജയ്ക്കും സെഞ്ചുറി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ
Friday, October 3, 2025 5:00 PM IST
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 എന്ന നിലയിലാണ് ഇന്ത്യ. വിൻഡീസിന്റെ ഒന്നാമിന്നിംഗ്സ് 162 റൺസിൽ അവസാനിച്ചിരുന്നു.
കെ.എൽ. രാഹുലിന്റെയും ധ്രുവ് ജൂറലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികളുടെയും ശുഭ്മൻ ഗില്ലിന്റെയും അർധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. രാഹുൽ 100 റൺസും ധ്രുവ് ജൂറൽ 125 റൺസും ഗിൽ 50 റൺസും എടുത്ത് പുറത്തായി.
രാഹുൽ 197 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെയാണ് 100 റൺസെടുത്തത്. ടെസ്റ്റിലെ രാഹുലിന്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്. കരിയറിലെ ആദ്യ സെഞ്ചുറിയാണ് ധ്രുവ് ജൂറൽ നേടിയത്. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ജൂറൽ.
104 റൺസെടുത്ത ജഡേജയും ഒൻപത് റൺസെടുത്ത വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (ഏഴ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.