കരൂർ ദുരന്തം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
Friday, October 3, 2025 4:14 PM IST
ചെന്നൈ: കരൂരിൽ ടിവികെ നടത്തിയ പരിപാടിക്കിടെ 41 പേർ മരിച്ച ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു.
കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.
നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.
കരൂര്‍ ദുരന്തം ദേശീയ മക്കള്‍ ശക്തി കക്ഷിയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പോലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ എം. ദണ്ഡപാണി, എം. ജോതിരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി പരിഗണിച്ചില്ല. ടിവികെ അഭിഭാഷകർ എത്തിയത് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടി മാത്രമാണ്.
കൂടാതെ, ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തില്‍ പരിക്കേറ്റയാള്‍ നല്കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ടിവികെ പാർട്ടിക്കെതിരേ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണ്?. അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ?. പ്രവര്‍ത്തകര്‍ക്ക് വെള്ളവും ശുചിമുറികളും, പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കേണ്ടത് പാര്‍ട്ടികളാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തമിഴ്നാട് സർക്കാരിനെയും വിമർശിച്ച കോടതി ഏതു പാര്‍ട്ടിക്കാരാണെങ്കിലും പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു.
കരൂര്‍ റാലിക്ക് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. റാലിക്ക് അനുമതി നല്‍കിയത് സംസ്ഥാന ഹൈവേ വകുപ്പാണോ അതോ നാഷണല്‍ ഹൈവേ അതോറിറ്റിയാണോയെന്നും കോടതി ആരാഞ്ഞു.