ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യ 214നു പുറത്ത്; വിദര്‍ഭയ്ക്ക് ഒന്നാമിന്നിംഗ്സ് ലീഡ്
Friday, October 3, 2025 12:55 PM IST
നാഗ്പുര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരേ വിദർഭയ്ക്ക് 128 റണ്‍സിന്റെ നിർണായകമായ ഒന്നാമിന്നിംഗ്സ് ലീഡ്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 214 റൺസിന് അവസാനിച്ചു.
വിദർഭയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 342 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെയും (66) ഓപ്പണർ അഭിമന്യു ഈശ്വരന്റെയും അർധസെഞ്ചുറി ബലത്തിലാണ് 200 കടന്നത്. അഞ്ചിന് 145 എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 69 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി.
വിദര്‍ഭയ്ക്ക് വേണ്ടി യാഷ് താക്കൂര്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ പാര്‍ത്ഥ് രെഖാതെ, ഹര്‍ഷ് ദുബെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
രണ്ടാം ഇന്നിംഗിസ് ബാറ്റിംഗ് ആരംഭിച്ച വിദർഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെടുത്തിട്ടുണ്ട്. അഥര്‍വ ടൈഡെ (എട്ട്), അമന് മൊഖാതെ (22) എന്നിവരാണ് ക്രീസില്‍.