ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന വലിയ ഭീഷണി: രാഹുൽ ഗാന്ധി
Thursday, October 2, 2025 9:30 PM IST
എൻവിഗാഡോ: ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻജിനിയറിംഗ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശക്തമായ ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തെക്കുറിച്ച് എനിക്ക് വലിയ ശുഭാപ്തിവിശ്വാസമുണ്ട്. എന്നാൽ അതേസമയം ഇന്ത്യയുടെ ഘടനയിൽ തിരുത്തപ്പെടേണ്ട ചില പിഴവുകളുമുണ്ട്.
വിവിധ പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും ആശയങ്ങൾക്കും മതവിശ്വാസങ്ങൾക്കും ഒന്നിച്ചു പുലരാൻ ജനാധിപത്യം അത്യാവശ്യമാണ്. ഇന്ത്യയിൽ ഒട്ടേറെ മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുണ്ട്. ഇവയ്ക്ക് നിലനിൽപിനു വേണ്ട ഇടമാവശ്യമുണ്ട്.
ആ ഇടം നൽകാൻ ഏറ്റവും മികച്ച രീതി ജനാധിപത്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള ഭിന്നതയാണ് മറ്റൊരു ഭീഷണിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.