രാഹുലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു
Thursday, October 2, 2025 6:51 PM IST
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ വിൻഡീസ് നേടിയ 162 റൺസിന് മറുപടി പറയുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്.
അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍.രാഹുലും (53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് (18) ക്രീസില്‍. യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജെയ്ഡന്‍ സീല്‍സ്, റോസ്റ്റണ്‍ ചേസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്നരെയ്ന് ചന്ദര്‍പോളും പിന്നാലെ ജോണ്‍ കാംബെലും (എട്ട്) മടങ്ങി. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവെസാണ് അവരുടെ ടോപ് സ്കോറർ.
ഷായ് ഹോപ്പ് (26), ക്യാപ്റ്റൻ റോസ്റ്റൻ ചേസ് (24) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രിത് ബുംറ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.