കെ.പി.മോഹനനെ കൈയേറ്റം ചെയ്ത സംഭവം; 25 പേർക്ക് എതിരെ കേസ്
Thursday, October 2, 2025 5:26 PM IST
കണ്ണൂർ: കെ.പി.മോഹനൻ എംഎൽഎയെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ചൊക്ലി പോലീസാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കെ.പി.മോഹനനെ നാട്ടുകാർ കൈയേറ്റം ചെയ്തത്. പ്രദേശത്തെ ഒരു ഡയാലിസിസ് സെന്ററിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു.
പ്രശ്നം അറിയിച്ചിട്ടും എംഎൽഎ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് കരിയാട്ടുള്ള അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സമരക്കാർ എംഎൽഎയ്ക്കു നേരെ തിരിയുകയായിരുന്നു.
സംഭവത്തിൽ പോലീസിൽ പരാതി നൽകാനില്ലെന്നും സ്വമേധയ കേസെടുത്താൽ സഹകരിക്കുമെന്നും കെ.പി.മോഹനൻ പറഞ്ഞിരുന്നു.