ജോലി നഷ്ടമാകുമെന്ന ഭയം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ
Thursday, October 2, 2025 3:42 PM IST
ഭോപ്പാല്‍: ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ മൂന്ന് ദിവസം പ്രായമായ ആണ് കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരുരാത്രി മുഴുവനും കാട്ടില്‍ കഴിഞ്ഞ കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അധ്യപകനായ ബബ്ലു ഡന്ഡോലിയയും രാജ്കുമാരിയും നാലാമത്തെ കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എണ്ണം കൂടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇതു ഭയന്നാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. ഗര്‍ഭം ധരിച്ചതുപോലും ഇരുവരും മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചു. ഇവര്‍ക്ക് മറ്റുമൂന്ന് കുട്ടുകള്‍ കൂടിയുണ്ട്.
സെപ്റ്റംബര്‍ 23-നാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ വച്ചായിരുന്നു പ്രസവം. ഉടനെതന്നെ കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ഗ്രാമവാസികളാണ് കുട്ടിയുടെ കരച്ചില് ആദ്യം കേട്ടത്.
പ്രഭാത സവാരിക്കെത്തിയ നന്ദന്‍വാടി ഗ്രാമത്തിലെ സംഘം കരച്ചില് കേട്ട് നോക്കുമ്പോള്‍ കല്ലിനടിയിലായി കുഞ്ഞു കൈകളാണ് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തില്‍ ഉറുമ്പ് കടിച്ചതിന്റെയുള്പ്പെടെ പാടുകളുണ്ട്. ശരീരത്തില്‍ താപനില കുറഞ്ഞതിന്റെ ലക്ഷണങ്ങളുണ്ടെന്നും കുട്ടി ഇതിനെയെല്ലാം അതിജീവിച്ചത് അത്ഭുതമാണെന്നും ചിന്ദ്വാര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ദമ്പതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 93 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തുമെന്നാണ് വിവരം.