അമ്മത്തൊട്ടിലിൽ ഒരുദിവസം മൂന്ന് കുഞ്ഞുങ്ങളെത്തി
Thursday, October 2, 2025 1:23 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരേദിവസം മുന്ന് കുഞ്ഞുങ്ങളെത്തി. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് ബുധനാഴ്ച ലഭിച്ചത്.
മൂന്നും പെൺകുട്ടികളാണ്. ആദ്യമായാണ് ഇങ്ങനെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.
തിരുവനന്തപുരത്ത് ലഭിച്ച രണ്ട് കുട്ടികൾക്ക് ഏകദേശം രണ്ടാഴ്ച പ്രായം വരും. ആലപ്പുഴയിലെ കുഞ്ഞിന് വീണ എന്നും തിരുവനന്തപുരത്തെ കുട്ടികൾക്ക് അക്ഷര, അഹിംസ എന്നും പേരിട്ടു.
മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ് എന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ ആകെ 23 കുഞ്ഞുങ്ങളെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 14 പെൺകുട്ടികളും ഒൻപത് ആൺകുട്ടികളും ഉൾപ്പെടുന്നു.